ചിങ്ങവനം: ഗ്യാസ് സിലിണ്ടറുമായി വിതരണത്തിനു പോയ ഗ്യാസ് ഏജന്‍സിയുടെ പിക്കപ് വാന്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഇടിച്ചു മറിഞ്ഞു. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. പിക്കപ്പിന്റെ കാബിനില്‍ കുടുങ്ങിക്കിടന്ന ഡ്രൈവര്‍ അബിജിത്തിനെ സമീപത്തുണ്ടായിരുന്ന യുവാക്കള്‍ പുറത്തെടുക്കുകയായിരുന്നു. ഇയാളുടെ കൈക്ക് സാരമായ പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 12ന് പരുത്തുംപാറ - കൊല്ലാട് റോഡില്‍ കല്ലുങ്കല്‍ കടവിനു സമീപമാണ് അപകടം. പനച്ചിക്കാട് മൂകാംബിക ഗ്യാസ് ഏജന്‍സിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഈ സമയത്ത് വാഹനത്തില്‍ 31 നിറകുറ്റികളാണ് ഉണ്ടായിരുന്നത്.
ഇറക്കം ഇറങ്ങിവരുകയായിരുന്ന പിക്കപ്പ് നിയന്ത്രണം തെറ്റി കാത്തിരിപ്പു കേന്ദ്രത്തില്‍ ഇടിച്ചു മറിഞ്ഞ് സമീപത്തെ പോസ്റ്റിനും മതിലിനും ഇടയ്ക്കു കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. പോസ്റ്റ് ഒടിഞ്ഞ നിലയിലാണ്. പിക്കപ്പിന് സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ഫയര്‍ഫോഴ്സും, ചിങ്ങവനം പോലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പിക്കപ്പ് ക്രെയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു.